ഒറ്റപ്പാലം: മങ്കര റെയിൽവേ സ്റ്റേഷൻ തുടരും. അടച്ചുപൂട്ടൽ ഭീഷണിയിൽ കഴിഞ്ഞിരുന്ന മങ്കര റെയിൽവേ സ്റ്റേഷനിൽ ഹാൾട്ട് ഏജൻറായി. പുതിയ ഏജന്റിനെ കണ്ടെത്തിയതോടെ ചേറ്റൂർ ശങ്കരൻ നായരുടെ സ്മരണകൾ പേറുന്ന ഈ റെയിൽവേ സ്റ്റേഷൻ വീണ്ടും സക്രിയമാവും.
ലാഭകരമല്ലാത്തതും ഏജന്റിനെ ലഭിക്കാതിരുന്നതുമാണ് സ്റ്റേഷൻ എന്നന്നേക്കുമായി അടച്ചുപൂട്ടാൻ റെയിൽവേയേ നേരത്തെ നിർബന്ധിതമാക്കിയത്. പാലപ്പുറം റെയിൽവേ സ്റ്റേഷൻ ഇത്തരത്തിൽ കഴിഞ്ഞ വർഷം അടച്ചു പൂട്ടിയിരുന്നു. ഇവിടുത്തെ പ്ലാറ്റ്ഫോമുകളും റെയിൽവേ പൊളിച്ചുമാറ്റി.
പുതിയ സാഹചര്യത്തിൽ മങ്കര റെയിൽവേ സ്റ്റേഷന്റെ പ്രവർത്തനം തുടരും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏക മലയാളി പ്രസിഡന്റായിരുന്ന സർ.സി. ശങ്കരൻ നായരുടെ വീടിനുസമീപമാണ് ഈ സ്റ്റേഷനുള്ളത്. നിരവധി വിദ്യാർഥികൾക്കും ജീവനക്കാർക്കും സാധാരണ യാത്രക്കാർക്കും ആശ്രയമായ മങ്കര റെയിൽവേ സ്റ്റേഷൻ സംരക്ഷിക്കപ്പെടുന്നതു ആശ്വാസമായാണ് വിലയിരുത്തപ്പെടുന്നത്.